എളുപ്പത്തിൽ പരീക്ഷ പാസാവാനുള്ള മാർഗ്ഗങ്ങൾ
പരീക്ഷയിൽ മാർക്ക് നേടാനുള്ള എളുപ്പ മാർഗ്ഗം.
പഠിയ്ക്കുന്നതിനെക്കാൾ എളുപ്പമാണ് പരീക്ഷ എഴുതുന്നത്. പഠിയ്ക്കാൻ ഒരു വർഷം മുഴുവൻ വേണ്ടി വരും. അതിരാവിലെ ഉറക്കമെഴുന്നേറ്റ് പഠിയ്ക്കണം , പിന്നീട് ഏഴോ എട്ടോ മണിയ്ക്കൂർ ക്ലാസ്സ് റൂമിൽ ചെലവഴിയ്ക്കണം , അതിനു ശേഷം സന്ധ്യ മുതൽ രാവേറും വരെ വീണ്ടും പഠനം. ഇങ്ങനെ ഒരു വർഷം മുഴുവൻ പഠിയ്ക്കുന്നത് കേവലം രണ്ടര മണിക്കൂർ പരീക്ഷ എഴുതാൻ വേണ്ടിയാണെന്ന് ഓർക്കുക. എന്നിട്ടും ഈ രണ്ടര മണിക്കൂറിൽ പലരും തോറ്റു പോകുന്നു. അതെന്ത് കൊണ്ടാണ് ?
അതെ , ഒരോ വിദ്യാർത്ഥിയും ആദ്യം പഠിയ്ക്കേണ്ടുന്നത് പരീക്ഷ എങ്ങനെ എഴുതാം എന്നതാവണം. ഓരോ അദ്ധ്യാപകനും ശ്രദ്ധിയ്ക്കേണ്ടുന്നതും തന്റെ വിദ്യാർത്ഥികൾ പരീക്ഷ എഴുതുവാൻ പഠിച്ചോ എന്നതുമാകണം.
പരീക്ഷ എഴുതുവാൻ പഠിയ്ക്കേണ്ടതുണ്ടോ എന്നാർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ അതിനുത്തരം തീർച്ചയായും പരീക്ഷ എഴുതാൻ പഠിച്ചാൽ മാത്രമേ ഉയർന്ന മാർക്ക് വാങ്ങുവാൻ കഴിയുകയുള്ളു എന്ന് തന്നെയാണ്.
പരീക്ഷ എഴുതാൻ എന്തൊക്കെ പഠിയ്ക്കണം
1. പരീക്ഷയുടെ സമയവും മാർക്കും : പല വിഷയങ്ങളുടെയും സമയവും മാർക്കും വ്യത്യസ്ഥമാണ്. 80 മാർക്കിനുള്ള പരീക്ഷയ്ക്കുള്ള സമയമാകില്ല 60 മാർക്കിനുള്ള പരീക്ഷയുടെ സമയം. അതുകൊണ്ട് ആദ്യം ഒരോ പരീക്ഷയുടെയും സമയവും മാർക്കും പഠിയ്ക്കണം.
2. ചോദ്യങ്ങളുടെ ഘടനയും അവയുടെ മാർക്കും : ഒരോ വിഷയത്തിന്റെ പരീക്ഷയ്ക്കും ചോദ്യ പേപ്പറുകൾക്ക് പൊതുവായി ഒരു ഘടന ഉണ്ടായിരിയ്ക്കും. ആയതിനാൽ മുൻ വർഷത്തെ ചോദ്യ പേപ്പറുകൾ നോക്കി ഒരോ വിഷയത്തിന്റെയും ചോദ്യങ്ങളുടെ ഘടനയും അവയ്ക്കുള്ള മാർക്കും നന്നായി പഠിയ്ക്കുക. ഇവ മനസ്സിലാക്കിയാൽ പാഠഭാഗങ്ങൾ വായിയ്ക്കുമ്പോൾ തന്നെ ഒരോ ഏരിയയിൽ നിന്നും എങ്ങനെ ചോദ്യങ്ങൾ വരാം എന്ന് വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.
3. മാർക്കും അതിനുള്ള ഉത്തരവും: പരീക്ഷ എഴുതുമ്പോൾ പലർക്കും സമയം തികയുന്നില്ലാ എന്ന പരാതിയുടെ അടിസ്ഥാനം മാർക്കിനനുസരിച്ച് ഉത്തരം എഴുതണമെന്ന തത്വം അറിയാത്തത് കൊണ്ടാണ്. ഒരു മാർക്കിന്റെ ചോദ്യത്തിന് ഒരു വാക്ക് അല്ലങ്കിൽ ഒരു വരി ഉത്തരം മതിയാകും. ഇതുപോലെ രണ്ട് മാർക്കിന്റെ ചോദ്യമാണെങ്കിൽ രണ്ട് പോയിന്റ് മതിയാവും. എന്നാൽ 8 മാർക്കിന്റെ ചോദ്യമാണെങ്കിൽ ഒരു പേജിൽ കുറയാനും പാടില്ല. അപ്പോൾ മാർക്കിനനുസരിച്ച് ഉത്തരമെഴുതുവാൻ വിദ്യാർത്ഥികൾ പഠിച്ചിരിയ്ക്കണം. നമ്മുക്ക് എന്തറിയാം എന്നതിലല്ല കാര്യം, ഒരോ ചോദ്യത്തിനും എന്ത് ഉത്തരം എഴുതണം എന്നതിലാണ് കാര്യം.
4. പരീക്ഷ എഴുതൽ ഒരു കലയാണ് എന്ന സത്യം പഠിയ്ക്കൽ : നിങ്ങൾ എഴുതുന്ന പേപ്പർ നോക്കി മൂല്യനിർണ്ണയം നടത്തുന്നത് നിങ്ങളെ ഒരിയ്ക്കൽ പോലും കണ്ടിട്ടില്ലാത്ത, പഠിപ്പിച്ചിട്ടില്ലാത്ത, നിങ്ങളെ കുറിച്ച് ഒന്നും അറിയാത്ത അദ്ധ്യാപകരാണ്. നിങ്ങൾ ക്ലാസ്സിൽ സ്ഥിരമായി വരുന്നവരാണോ , പഠനത്തിൽ ശ്രദ്ധിയ്ക്കുന്നവരാണോ , ക്ലാസ്സ് വർക്കുകൾ ചെയ്യുന്നവരാണോ എന്നൊന്നും പേപ്പർ നോക്കുന്ന അദ്ധ്യാപകർക്ക് അറിയില്ല. നിങ്ങൾ ആരാണെന്ന് അവർ മനസ്സിലാക്കുന്നത് നിങ്ങൾ എഴുതിയ പേപ്പറിലൂടെ മാത്രമാണ്. ആയതിനാൽ നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ പേപ്പറുകൾ സംസാരിയ്ക്കണം. നിങ്ങൾ എഴുതുന്ന ഓരോ വാക്കും ദൂരെ നിന്നും പേപ്പർ നോക്കുന്ന ആ അദ്ധ്യാപകന് വായിയ്ക്കുവാൻ കഴിയണം. അതിന് വേണ്ടി വളരെ വ്യക്തമായി, വൃത്തിയോടെ, ഭംഗിയോടെ ഒരോ ഉത്തരങ്ങളുo എഴുതണം. യഥാർത്ഥത്തിൽ നിങ്ങൾ എഴുതുന്ന ഒരോ വരിയും നിങ്ങൾക്ക് ഒരോ ചോദ്യത്തിനും എന്ത് ഉത്തരം അറിയാം എന്നുള്ള കാര്യം ആ അദ്ധ്യാപകനെ പഠിപ്പിയ്ക്കുവാൻ വേണ്ടിയാണ്. അത് കൊണ്ട് ഒരു കുട്ടിയ്ക്ക് പറഞ്ഞ് കൊടുക്കുന്നതു പോലെ step by step ആയി ഉത്തരം എഴുതണം.
6. ആദ്യം എഴുതേണ്ടുന്നത് ?
നിങ്ങൾക്ക് വ്യക്തമായി അറിയാവുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ആദ്യമാദ്യം എഴുതുന്നതാവും നല്ലത്. ഓരോ ചോദ്യത്തിനുമുള്ള നിങ്ങളുടെ ഉത്തരം വായിയ്ക്കുമ്പോഴും നിങ്ങളെ കുറിച്ച് കൂടുതൽ കൂടുതൽ കാര്യങ്ങൾ പേപ്പർ നോക്കുന്ന അദ്ധ്യാപകന് മനസ്സിലാവും. അതിൻ പ്രകാരം കൂടുതൽ കൂടുതൽ മാർക്കുകൾ കിട്ടുകയും ചെയ്യും.
7. ടെൻഷൻ ഒഴിവാക്കുക : ഒരു പ്രോബ്ലം ചെയ്യുമ്പോൾ ഫൈനൽ ഉത്തരം ശരിയായില്ലെങ്കിലോ ഒരു ലോംഗ് ആൻസർ എഴുതുമ്പോൾ ഒരു വരി മറന്ന് പോയാലോ എന്തിന് ടെൻഷൻ ആവണം. മറന്നത് പിന്നീട് ഓർത്ത് എഴുതാം എന്ന് മാത്രം ചിന്തിയ്ക്കുക. അതു പോലെ തെറ്റിയത് പിന്നീട് തിരുത്താം. അനാവശ്യ ടെൻഷൻ വരുന്നതു മൂലം പിന്നീടുള്ള ചോദ്യങ്ങൾക്ക് ചിലപ്പോൾ നന്നായി ഉത്തരം എഴുതാൻ കഴിയാതെ വരാം. ആയതിനാൽ ഇത്തരം അവസരങ്ങളിൽ ഒരൽപ്പം സ്ഥലം വിട്ടതിനു ശേഷം അടുത്ത ചോദ്യത്തിന് ഉത്തരം എഴുതാൻ ശ്രമിയ്ക്കുക. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതി കഴിഞ്ഞതിനു ശേഷം വീണ്ടും നിങ്ങൾ മറന്ന് പോയത് കണ്ടെത്തുവാനോ തെറ്റിയത് ശരിയാക്കുവാനോ ശ്രമിയ്ക്കുക.
7. ഹാൾ ടിക്കറ്റും മറ്റു പരീക്ഷാ സഹായ വസ്തുക്കളും: പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ്, സ്കെയിൽ , പേന , പെൻസിൽ തുടങ്ങി നിങ്ങൾക്കാവശ്യമായ എല്ലാ സാധനവും കൃത്യമായി നിങ്ങൾ തന്നെ കൊണ്ട് വരിക. തൻമൂലം മറ്റൊരാളെ ആശ്രയിച്ച് അവ കിട്ടുന്നതിനു വേണ്ടിയുള്ള സമയം ലാഭിയ്ക്കാൻ പറ്റും.
9. പരീക്ഷയുടെ തലേന്നും രാവിലെയും : പരീക്ഷയുടെ തലേന്ന് രാത്രി കഴിവതും മിനിമം ആറ് മണിയ്ക്കൂറെങ്കിലും മിനിമം ഉറങ്ങത്തക്ക രീതിയിൽ പഠനം ക്രമീകരിയ്ക്കുക. എന്നാൽ രാവിലെ രണ്ട് മണിയ്ക്കൂർ എങ്കിലും ഒരു റിവിഷന് സമയം കണ്ടെത്തുകയും വേണം. പരീക്ഷയ്ക്ക് ഹാളിൽ കയറുന്നതിന് അര മണിക്കൂർ മുന്നേ ബാത്ത്റൂമിൽ പോകാം , പഠന പ്രക്രിയ അവസാനിപ്പിക്കാം. നന്നായി പ്രാർത്ഥിച്ച്, മനസ്സ് ഏകാകൃതമാക്കി , ആത്മവിശ്വാസത്തോടെ, പുഞ്ചിരിയോടെ പരീക്ഷാ ഹാളിൽ പ്രവേശിയ്ക്കുക. ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കുവാൻ അനുവധിച്ചിട്ടുള്ള 15 മിനിറ്റ് സമയത്ത് നന്നായി ചോദ്യങ്ങൾ വായിച്ച് നന്നായി അറിയാവുന്ന ചോദ്യങ്ങൾ കണ്ടെത്തുക. ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതി തുടങ്ങുക.
10. അവസാന കടമ്പ : എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതിയിരിയ്ക്കണം. അതു പോലെ എല്ലാ ഉത്തരങ്ങൾക്കും ചോദ്യനമ്പർ ഇട്ടിട്ടുണ്ടുവോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. ഉത്തരം അറിയില്ലെങ്കിൽ പോലും ഒരു ചോദ്യവും വിട്ടുകളയാതെ ആ ചോദ്യവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അറിയാവുന്ന എന്തെങ്കിലും എഴുതിയിരിയ്ക്കണം. ചോദ്യങ്ങൾക്കനുസരിച്ചാണ് അദ്ധ്യാപകന് മാർക്ക് നൽകുവാൻ കഴിയുക. മറിച്ച് ഒരു ചോദ്യത്തിന് അനുവദിച്ചതിനെക്കാൾ കൂടുതൽ മാർക്ക് നൽകാൻ കഴിയില്ല. അതുപോലെ നിങ്ങൾ എഴുതുന്ന ഒരോ പേപ്പറിനും പേജ് നമ്പർ എഴുതി , ആ പേജ് നമ്പരിന്റെ ആകെ എണ്ണം കൃത്യമായി രേഖപ്പെടുത്തി, നന്നായി പേപ്പറുകൾ നൂല് കൊണ്ട് യോജിപ്പിച്ച്, ഒരാവർത്തി കൂടി വായിച്ച് നോക്കി , എന്തെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ അതും വരുത്തി പേപ്പർ തിരികെ നൽകാം.
റോൾ നമ്പർ ശരി തന്നെയാണെന്ന് എല്ലാവരും ഉറപ്പിയ്ക്കുകയും വേണം.
ഇത്തരത്തിൽ പരീക്ഷ എഴുതാൻ നിങ്ങൾ പഠിച്ചാൽ നിങ്ങൾ പ്രതീക്ഷിയ്ക്കുന്നതിൽ കൂടുതൽ മാർക്ക് നിങ്ങൾക്ക് കിട്ടിയിരിയ്ക്കും.
( Vhse- ഇരിയണ്ണി )

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ